കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്കുള്ള ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി നവംബർ 10 ആണെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. നേരത്തെ ഒക്ടോബർ 20 ആയിരുന്ന സമയപരിധിയാണ് നവംബർ 10 വരെ നീട്ടിയത്. ഇനി സമയപരിധി വീണ്ടും നീട്ടില്ലെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 2,67,64,276 ഗുണഭോക്താക്കളാണ് ഇ-കെവൈസി പൂർത്തിയാക്കേണ്ടത്. ഇതിൽ നവംബർ 3 വരെയുള്ള കണക്കനുസരിച്ച് 2,26,30,747 പേർ നടപടികൾ പൂർത്തിയാക്കി. എന്നാൽ 41,33,529 പേരുടെ ഇ-കെവൈസി ഇനിയും ബാക്കിയുണ്ട്. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഒരു വർഷത്തിലധികം മുമ്പ് ഇ-കെവൈസി നടത്തിയ 1,15,87,298 ഗുണഭോക്താക്കൾ വീണ്ടും പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനു പുറമെ ഇതുവരെ ഇ-കെവൈസി ചെയ്യാത്ത 3,82,362 പേരും അഞ്ച് വർഷത്തിലധികമായി പരിശോധന നടത്താത്ത 54,27,396 പേരും പട്ടികയിലുണ്ട്.
രണ്ട് രീതിയിൽ ഇ-കെവൈസി ചെയ്യാം
ഗുണഭോക്താക്കൾക്ക് ‘അന്ന സേവ’ മൊബൈൽ ആപ്പ് വഴിയോ സമീപത്തെ ന്യായവില കടകളിൽ നേരിട്ടെത്തിയോ ഇ-കെവൈസി പൂർത്തിയാക്കാം. റേഷൻ കടകളിൽ ഭക്ഷ്യവകുപ്പിൻ്റെ ‘ആഹാര’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
കർണാടകയിൽനിന്ന് ജോലി ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറിയവർക്കും ഇ-കെവൈസി ചെയ്യുന്നതിനായി അന്ന സേവ ആപ്പിൻ്റെ സേവനം രാജ്യവ്യാപകമായി ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ താമസം മാറിയ കർണാടക റേഷൻ കാർഡ് ഉടമകൾക്ക് സ്വന്തം സ്ഥലത്തുനിന്നുതന്നെ നടപടികൾ പൂർത്തിയാക്കാം.
ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് അന്നഭാഗ്യ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ ഗുണഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.