ബെംഗളൂരുവിലെ പാർപ്പിട മേഖലകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 51 വ്യാപാര സ്ഥാപനങ്ങൾ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ അടച്ചുപൂട്ടി. അനുമതിയില്ലാതെ പാർപ്പിട മേഖലകളിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരായ പരിശോധനയുടെ ഭാഗമായാണ് നടപടി. കോർപ്പറേഷൻ കമ്മിഷണർ കെ.എൻ.രമേശിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

അടച്ചുപൂട്ടിയ 51 സ്ഥാപനങ്ങളിൽ 22 എണ്ണം ബൊമ്മനഹള്ളി നിയമസഭാ മണ്ഡലത്തിലും 11 എണ്ണം ജയനഗറിലും ഒമ്പതെണ്ണം ബെംഗളൂരു സൗത്ത് മേഖലയിലും ആറു സ്ഥാപനങ്ങൾ പത്മനാഭനഗറിലും മൂന്നെണ്ണം ബി.ടി.എം ലേഔട്ടിലുമാണ് പ്രവർത്തിച്ചിരുന്നത്.

അരകേരെ വാർഡിൽ ബൊമ്മനഹള്ളി സോൺ ജോയിന്റ് കമ്മിഷണർ സതീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും ചേർന്ന് പ്രത്യേക പരിശോധനയും നടത്തി. വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന 23 ഓളം ഗാർഹിക എൽപിജി സിലിണ്ടറുകൾ കണ്ടെത്തിയ കാറ്ററിങ് സെന്ററും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പരിസരത്ത് പുകവലി അനുവദിക്കുകയും ചെയ്തിരുന്ന ലഘുഭക്ഷണശാലകൾ, ഫാബ്രിക്കേഷൻ യൂണിറ്റ്, കാർ വാഷ് സെന്റർ എന്നിവയ്ക്കെതിരെയും നടപടിയെടുത്തു.

പാർപ്പിട മേഖലകളിലെ സമാധാനം, ശുചിത്വം, പൊതുസുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. പാർപ്പിട മേഖലകളിൽ അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടി തുടരുമെന്നും കമ്മിഷണർ മുന്നറിയിപ്പ് നൽകി.

Related Posts