കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ് ഇന്ന് എത്തും. രാവിലെ 11 മണിയോടെ സർവകലാശാലയിലെ സമരപ്പന്തലിലെത്തുന്ന അദ്ദേഹം സമരത്തിലുള്ള വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തും. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സർവകലാശാലാ നടപടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിൻ്റെ സന്ദർശനം.

സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാനുള്ള അവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നീ മൂന്ന് വിദ്യാർഥികൾ സർവകലാശാലാ കവാടത്തിൽ നിരാഹാര സമരം തുടരുകയാണ്.

നവംബർ രണ്ടിന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ 12 വിദ്യാർഥികളെ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്നും മറ്റ് നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസത്തേക്ക് കൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാൽ തങ്ങൾ ചെയ്യാത്ത തെറ്റിന് മാപ്പ് പറയാനാവില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

തിയേറ്റർ ആർട്സ് വിഭാഗത്തിലെ തകരാറിലായ ഉപകരണങ്ങൾ നന്നാക്കുക, കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. സമരത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വിദ്യാർഥികൾ അവതരിപ്പിച്ചത് നാടകമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതേ നാടകം പിന്നീട് സെക്രട്ടറിയറ്റിന് മുന്നിലും അവതരിപ്പിച്ചു.

സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ സർവകലാശാല അപ്പീൽ നൽകിയതോടെയാണ് നിയമനടപടികൾ പുതിയ ഘട്ടത്തിലെത്തിയത്. തുടർന്ന് ഡിവിഷൻ ബെഞ്ച് പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കി. ഇതിനെതിരെ വിദ്യാർഥികൾ നിയമപോരാട്ടം തുടരുകയാണ്. ഇതിനിടെ, മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ജനകീയ സമരസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ ഉൾപ്പെടെയുള്ളവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചിരുന്നു. പരീക്ഷയ്ക്കെത്തിയ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ കറുത്ത ബാഡ്ജ് ധരിച്ചും സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചും പ്രതിഷേധത്തിൽ പങ്കുചേർന്നു.

സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് വിവിധ മേഖലകളിൽനിന്ന് പിന്തുണ വർധിക്കുന്നതിനിടെയാണ് നടൻ പ്രകാശ് രാജും സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തുന്നത്.

Related Posts