എം.എസ്. പാളയ വരദരാജനഗർ അയ്യപ്പസ്വാമി ക്ഷേത്രത്തിൻ്റെ സമഗ്രമായ ഉന്നമനവും വികസനവും ലക്ഷ്യമിട്ട് അയ്യപ്പ സേവാ സമിതി രൂപീകരിച്ചു. ക്ഷേത്രത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആരാധനാ-ആചാര അനുഷ്ഠാനങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കുക, ഉത്സവങ്ങളും വിശേഷദിവസങ്ങളിലെ ചടങ്ങുകളും ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ വിപുലീകരിക്കുക, ക്ഷേത്രത്തെ ആത്മീയവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുതുതായി രൂപീകരിച്ച സമിതിയുടെ ഭാരവാഹികളായി വാസുദേവൻ നമ്പൂതിരി
പ്രസിഡണ്ടായും സി.കെ.വി.ഉണ്ണിയെ വൈസ് പ്രസിഡണ്ടായും ടി.കെ.ജയപ്രകാശിനെ സെക്രട്ടറിയായും കെ.പി.ജയപ്രകാശിനെ ജോയിൻറ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. അജിത് കുമാർ ട്രഷററായും സതീഷ് ജോയിൻറ് ട്രഷററായും ചുമതലയേറ്റു. ക്ഷേത്രത്തിൻ്റെ വികസനം ഏതാനും വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും പ്രദേശത്തെ മുഴുവൻ അയ്യപ്പഭക്തരുടെയും നാട്ടുകാരുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയൂവെന്നും സമിതി അഭിപ്രായപ്പെട്ടു.

ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും സമിതി അഭ്യർത്ഥിച്ചു. ക്ഷേത്രത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ സാമ്പത്തികമായും ശാരീരികമായും സഹകരിക്കാൻ താൽപര്യമുള്ള എല്ലാവരും സമിതിയുമായി കൈകോർക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ എം.എസ്.പാളയ അയ്യപ്പസ്വാമി ക്ഷേത്രത്തെ കൂടുതൽ മികച്ച ആത്മീയ കേന്ദ്രമാക്കി ഉയർത്തുകയാണ് സമിതിയുടെ ലക്ഷ്യം.

Related Posts