ഹൽസൂരുവിലെ കോൺറാഡ് ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ച സംഭവത്തിൽ ഹോട്ടലിലെ എൻജിനീയറിങ് വിഭാഗത്തിലെ നാല് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് അസിസ്റ്റന്റ് എൻജിനീയർമാർ, ഒരു അസിസ്റ്റന്റ് ചീഫ് എൻജിനീയർ, ഒരു ടെക്നീഷ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 30നായിരുന്നു അപകടം. അനാസ്ഥ ആരോപിച്ചാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജർമൻ പൗരനും ലുഫ്താൻസ വിമാനക്കമ്പനിയിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തെയ്സ് (57), സ്ലോവാക് പൗരനും ഐബിഎമ്മിൽ പ്രോജക്ട് മാനേജറുമായ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. ഹോട്ടലിൻ്റെ മൂന്നാം നിലയിലെ സ്വിമ്മിങ് പൂളിൽ വൈകിട്ട് 5.15ഓടെയായിരുന്നു അപകടം.
ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ പൗരനായ മാത്യു ഡിസാന്റിസ് (41), ഹോട്ടലിലെ പൂൾ അറ്റൻഡന്റും ലൈഫ് ഗാർഡുമായ രാഹുൽ തിവാരി (28) എന്നിവർക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. പരിക്കേറ്റവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പൂളിലെ ലൈറ്റിങ് സംവിധാനത്തിൻ്റെ വയറിങ്ങിൽനിന്നുണ്ടായ വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.