കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങളും പണവും കവർന്ന കേസിൽ 36കാരൻ അറസ്റ്റിൽ. അസം സ്വദേശിയായ ചാനുവർ അലിയെയാണ് ബാഗലൂർ പൊലീസ് പിടികൂടിയത്. ദേവനഹള്ളിയിലായിരുന്നു ഇയാളുടെ താമസം.

രാജസ്ഥാനിലെ ജനത കോളനി സ്വദേശിനിയായ യുവതി സഹോദരിയുടെ വീട്ടിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനായി യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. ഒക്ടോബർ 10ന് ബാഗലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം, സിംഗാപുരയിലെ സഹോദരിയുടെ വീട്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രതി യുവതിയെ സമീപിച്ചു. കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നു.

യാത്രാമധ്യേ ബാഗലൂരിലെ ഒരു ബേക്കറിക്ക് സമീപം എത്തിയപ്പോൾ സ്വർണ, വെള്ളി ആഭരണങ്ങളും പണവും ഒരു പേഴ്സിലാക്കി സൂക്ഷിക്കാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് പേഴ്സ് സ്വന്തം ബാഗിൽ വെച്ച ഇയാൾ ആഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. സ്വർണവളകളും വെള്ളി പാദസരങ്ങളും ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്.

ഒക്ടോബർ 15ന് ഗംഗാനഗറിലെ നാലാം ക്രോസിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾ മോഷ്ടിച്ച ആഭരണങ്ങൾ ഭട്ടറഹള്ളിയിലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. തുടർന്ന് 117 ഗ്രാം സ്വർണാഭരണങ്ങളും 72 ഗ്രാം വെള്ളി പാദസരങ്ങളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts