ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. നവംബർ 5 മുതൽ(നാളെ) പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഗതാഗതമന്ത്രി ഭൈരതി സുരേഷ് ഇന്ന് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിരക്ക് വർധന പ്രഖ്യാപിച്ചത്.

ബിഎംടിസി സാധാരണ ബസുകളിലെ മിനിമം നിരക്ക് ആറു രൂപയിൽനിന്ന് 10 രൂപയായും പരമാവധി നിരക്ക് 35 രൂപയിൽനിന്ന് 45 രൂപയായും ഉയർത്തി. വജ്ര എസി ബസുകളിലെ മിനിമം നിരക്ക് 15 രൂപയിൽനിന്ന് 20 രൂപയായും പരമാവധി നിരക്ക് 75 രൂപയിൽനിന്ന് 90 രൂപയായും വർധിപ്പിച്ചു.

കെഎസ്ആർടിസി ബസുകളിലും നിരക്ക് വർധനയുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് ബെംഗളൂരുവിൽനിന്ന് കോലാർ, തുമക്കൂരു എന്നിവിടങ്ങളിലേക്ക് 100 രൂപയാണ് പുതിയ നിരക്ക്. നേരത്തേ ഇത് 81 രൂപയായിരുന്നു. മാണ്ഡ്യയിലേക്ക് 110 രൂപയിൽനിന്ന് 136 രൂപയായും മൈസൂരുവിലേക്ക് 160 രൂപയിൽനിന്ന് 197 രൂപയായും നിരക്ക് ഉയരും. ഹാസനിലേക്ക് 219 രൂപയിൽനിന്ന് 270 രൂപയും ചിക്കമംഗളൂരുവിലേക്ക് 295 രൂപയിൽനിന്ന് 363 രൂപയുമാകും.

കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി സർവീസുകളിൽ ശരാശരി 23 ശതമാനവും ബിഎംടിസിയിൽ 33 മുതൽ 35 ശതമാനം വരെയുമാണ് നിരക്ക് വർധന. നിരക്ക് നിയന്ത്രണ സമിതി യഥാക്രമം 25 ശതമാനവും 40 ശതമാനവും വർധനയാണ് ശുപാർശ ചെയ്തിരുന്നത്.

ഡീസൽ വിലവർധന ഉൾപ്പെടെയുള്ള കാരണങ്ങളാണ് നിരക്ക് കൂട്ടാൻ സർക്കാർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ബസ് നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സ്ത്രീകൾക്ക് സാധാരണ സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിക്കായി 2023 മുതൽ ഇതുവരെ 16,595.75 കോടി രൂപ സർക്കാർ ഗതാഗത കോർപറേഷനുകൾക്ക് നൽകിയതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഗതാഗത കോർപറേഷനുകൾക്കുണ്ടായ 9,912 കോടി രൂപയുടെ നഷ്ടം ശക്തി പദ്ധതി മൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts