ബെംഗളൂരു ഇന്ദിരാനഗറിൽ കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ കത്തിമുനയിൽ നിർത്തി സ്വർണമാല കവരാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ കൈകളിൽ ഫെവിക്വിക് ഒഴിച്ച് മേശയിൽ ഒട്ടിച്ച ശേഷമായിരുന്നു കവർച്ചാശ്രമം. സംഭവത്തിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന പ്രഭുരാജ് എന്ന രാജിനെയാണ് ഇന്ദിരാനഗർ പൊലീസ് പിടികൂടിയത്. ഒക്ടോബർ 31ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം.
ആരോ തന്നെ പിന്തുടർന്ന് ആക്രമിക്കാൻ വരികയാണെന്ന് പറഞ്ഞ് കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, പിന്നാലെ യുവതിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ നാലര ലക്ഷത്തോളം രൂപ വിലവരുന്ന 35 ഗ്രാം സ്വർണമാല ആവശ്യപ്പെട്ടു.
യുവതിക്ക് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ കഴിയാത്തവിധം ഇരു കൈകളിലും ഫെവിക്വിക് ഒഴിച്ച് കടയിലെ മേശയിൽ ഒട്ടിച്ചു. തുടർന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി നിലവിളിച്ച് സഹായം തേടി. ശബ്ദം കേട്ടെത്തിയ സമീപത്തെ വ്യാപാരികളും നാട്ടുകാരും പ്രതിയെ തടയാൻ ശ്രമിച്ചു.
ആളുകൾ അടുത്തെത്തിയതോടെ യുവതിയെ മനുഷ്യകവചമാക്കി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. അടുത്തേക്ക് വന്നാൽ യുവതിയെ കൊലപ്പെടുത്തുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കിലും നാട്ടുകാർ തന്ത്രപൂർവം ഇടപെട്ട് ഇയാളെ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു.
യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കേസെടുത്ത ഇന്ദിരാനഗർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ യുവതിയെ ഭീഷണിപ്പെടുത്തുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.