കേരള സമാജം (ആർ) ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. കർണാടകയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ആദരിക്കുന്നതിനൊപ്പം കേരളത്തിൻ്റെ ഭാഷയും പൈതൃകവും സംരക്ഷിക്കണമെന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.
ബോറെ ഗൗഡ മുഖ്യാതിഥിയായും യോഗേഷ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. സമാജം ചെയർമാൻ അനിൽകുമാർ ആർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹദേവൻ, പ്രോഗ്രാം കൺവീനർ സനിൽ കുമാർ, വനിതാവിഭാഗം കൺവീനർ അമ്പിളി സന്തോഷ്, വൈസ് ചെയർപേഴ്സൺ അഖില പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പതാക ഉയർത്തൽ, ഭദ്രദീപം തെളിയിക്കൽ എന്നിവയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കർണാടക സംസ്ഥാനഗാനമായ ‘നാടഗീതെ’, കേരളത്തിൻ്റെ അഭിമാനഗാനമായ ‘ജയ ജയ കോമള കേരള ധരണി’ എന്നിവ ആലപിച്ചു. പൊതുസമ്മേളനത്തിൽ അതിഥികൾ ആശംസകൾ നേർന്നു.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൻ്റെ പ്രാധാന്യവും വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യത്തെ ആദരിക്കേണ്ടതിൻ്റെ ആവശ്യകതയും ചടങ്ങിൽ പങ്കുവെച്ചു. കർണാടകയോടുള്ള ആദരവും കേരളത്തോടുള്ള സ്നേഹവും ഒരുപോലെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ആഘോഷങ്ങൾ സമാപിച്ചത്.