ബെംഗളൂരുവിൽ 71-ാമത് കർണാടക രാജ്യോത്സവം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരിക്കൽ എന്നിവ നടന്നു.

കന്നഡ ഭാഷയുടെയും സംസ്കാരത്തിൻ്റെയും സംരക്ഷണത്തിനായി നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കന്നഡ സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. കന്നഡ സേന പ്രസിഡണ്ട് കെ.ആർ.കുമാർ ചടങ്ങിൽ സംസാരിച്ചു. കർണാടകയുടെ വികസനത്തിനായി സംഘടന ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന എട്ട് കോടി കന്നഡക്കാർ കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) സംഘടിപ്പിച്ച ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഡോ. വി. രാം പ്രസാദ് മനോഹർ ഭാഷയും സംസ്കാരവും പാരമ്പര്യവുമാണ് ഒരു നാടിൻ്റെ യഥാർഥ ശക്തിയെന്ന് പറഞ്ഞു. മറ്റ് ഭാഷകൾ പഠിക്കുന്നതിൽ തെറ്റില്ലെങ്കിലും മാതൃഭാഷയും സംസ്കാരവും മറക്കരുത്. കുട്ടികളിൽ കന്നഡ ഭാഷയോടുള്ള അഭിമാനം വളർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യോത്സവം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുങ്ങാതെ കന്നഡ ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള പ്രതിജ്ഞയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രീഡം പാർക്കിൽ കന്നഡ ജനശക്തി കേന്ദ്ര സംഘടിപ്പിച്ച ചടങ്ങിൽ കന്നഡ പ്രവർത്തകൻ സാ.റാ. ഗോവിന്ദു പതാക ഉയർത്തി. കന്നഡിഗർക്ക് സർക്കാർ-സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംഘടനാ പ്രസിഡണ്ട് രാമഗൗഡ മലനാട് ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിലെ കന്നഡ സ്കൂളുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരു ബാങ്ക് സർക്കിളിന് സമീപം കർണാടക രാജ്യോത്സവ സമിതി സംഘടിപ്പിച്ച ‘കന്നഡ ഹബ്ബ-70’ പരിപാടിയിൽ മുതിർന്ന കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജിനെ ആദരിച്ചു.

കഴിഞ്ഞ 70 വർഷമായി നാടഹബ്ബ ആഘോഷിക്കുന്ന ചാമരാജ്പേട്ടിലും ഇത്തവണ നാടൻ കലകളുടെ വർണാഭമായ അവതരണങ്ങളുണ്ടായി. വീരഗാസെ, പുലികളി, ഡോല്ലു കുനിത, യക്ഷഗാനം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു.

എം.ജി. റോഡിലെ ബാർട്ടൺ സെന്ററിൽ ജയ കർണാടക ജനപര വേദികെയുടെ ആറാം വാർഷികവും രാജ്യോത്സവവും സംയുക്തമായി ആഘോഷിച്ചു. സ്ഥാപക പ്രസിഡണ്ട് ബി. ഗുണരഞ്ജൻ ഷെട്ടി, സംസ്ഥാന പ്രസിഡണ്ട് ശ്രീനിവാസ് എസ്., ബാർട്ടൺ സെന്റർ ഓണേഴ്സ് അസോസിയേഷൻ, ചർച്ച് സ്ട്രീറ്റ് വെൽഫെയർ അസോസിയേഷൻ, ബെംഗളൂരു ട്രേഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി നിരവധി കന്നഡ പ്രവർത്തകർ പങ്കെടുത്തു.

Related Posts