നഗരത്തിലെ ഗതാഗതക്കുരുക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് നികുതി ഈടാക്കണമെന്ന നിർദേശവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ISEC). യാത്ര ചെയ്യുന്ന റോഡും സമയവും പരിഗണിച്ച് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനമാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ലണ്ടൻ, സിംഗപ്പൂർ, മിലാൻ, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങൾ സ്വീകരിച്ച മാതൃകകൾ പഠനത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവിൽ മൂന്ന് രീതികൾ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് നിർദേശം. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലേക്ക് (CBD) നിശ്ചിത സമയങ്ങളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുക, ഔട്ടർ റിങ് റോഡ് (ORR) പോലുള്ള തിരക്കേറിയ പാതകളിൽ പണം നൽകി ഉപയോഗിക്കാവുന്ന പ്രത്യേക ലെയിനുകൾ ഒരുക്കുക, തിരക്കേറിയ സമയങ്ങളിൽ മാത്രം നികുതി ചുമത്തുക എന്നിവയാണ് നിർദേശങ്ങൾ.

പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും അതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പഠനത്തിൻ്റെ രചയിതാക്കളിലൊരാളായ പ്രൊഫ. കൃഷ്ണരാജ് വ്യക്തമാക്കി. നികുതി ഏർപ്പെടുത്തുന്നതുകൊണ്ട് മാത്രം ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. മികച്ച ബസ് സർവീസുകളും വിപുലമായ മെട്രോ സൗകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കണം. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി നിരക്കുകൾ നിശ്ചയിക്കുമ്പോൾ ജനങ്ങളുടെ വരുമാനവും സാമ്പത്തിക സാഹചര്യവും പരിഗണിക്കണം. മെട്രോ, ബസ് യാത്രാനിരക്കുകൾ താങ്ങാനാകുന്ന നിലയിൽ നിലനിർത്തുന്നതിനൊപ്പം പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്നവർക്ക് പ്രോത്സാഹനവും നൽകണമെന്ന് പഠനം നിർദേശിക്കുന്നു.

ഇരുചക്രവാഹന യാത്രക്കാർക്കും ഓൺലൈൻ ഡെലിവറി ഉൾപ്പെടെയുള്ള മേഖലകളിലെ ഗിഗ് തൊഴിലാളികൾക്കും നികുതി ബാധകമാക്കുന്നത് പ്രത്യേകമായി പരിഗണിക്കേണ്ട വിഷയമാണെന്നും പഠനം വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനക്കാരായ അവശ്യസേവന തൊഴിലാളികൾക്ക് ഇളവുകൾ നൽകുക, പ്രതിമാസ നികുതിക്ക് പരമാവധി പരിധി നിശ്ചയിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഏകീകൃത നികുതി നിരക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കൂടുതൽ ബാധിക്കാമെന്ന ആശങ്കയും പഠനം പങ്കുവയ്ക്കുന്നു. അതേസമയം, ബെംഗളൂരുവിൽ കോൺജഷൻ ടാക്സ് നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം തേടിയുള്ള പഠനത്തിൽ മുന്നോട്ടുവച്ച നിർദേശം മാത്രമാണിത്.

Related Posts