ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി യശ്വന്ത്പുര–മഡ്ഗാവ് റൂട്ടിൽ പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ മൂന്നാം വാരത്തോടെ സർവീസ് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ബോർഡ് ഒക്ടോബർ 30ന് സർവീസിന് അനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ നമ്പർ 26655, 26656 എന്നിങ്ങനെയാണ് സർവീസ് നടത്തുക.
പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളിലൂടെയും തീരദേശ മേഖലയിലൂടെയുമാണ് ട്രെയിൻ കടന്നുപോകുന്നത്. യശ്വന്ത്പുരയിൽനിന്ന് മഡ്ഗാവിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 13 മണിക്കൂർ 20 മിനിറ്റ് വേണ്ടിവരും.
ട്രെയിൻ നമ്പർ 26655 യശ്വന്ത്പുരയിൽനിന്ന് രാവിലെ 7.35ന് പുറപ്പെട്ട് രാത്രി 8.55ന് മഡ്ഗാവിലെത്തും. മടക്കയാത്രയിൽ 26656 മഡ്ഗാവിൽനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പുരയിലെത്തും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സർവീസ്. യശ്വന്ത്പുരയിൽനിന്നുള്ള ട്രെയിൻ ബുധനാഴ്ചയും മഡ്ഗാവിൽനിന്നുള്ള ട്രെയിൻ വ്യാഴാഴ്ചയും സർവീസ് നടത്തില്ല. ശ്രവണബെളഗോള, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുർദേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
സക്ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ട പാതയിലൂടെയുള്ള യാത്രയാണ് ഈ സർവീസിൻ്റെ പ്രധാന ആകർഷണം. പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ കഴിയുന്നതിനൊപ്പം ബെംഗളൂരുവിനും തീരദേശ കർണാടകയ്ക്കും ഗോവയ്ക്കും ഇടയിൽ വേഗത്തിലുള്ള റെയിൽ കണക്റ്റിവിറ്റിയും ലഭിക്കും.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള മംഗളൂരു സെൻട്രൽ–മഡ്ഗാവ് വന്ദേഭാരത് സർവീസ് (20645/20646) നിർത്തലാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറവായതാണ് ഇതിന് കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.