ഡിആർഡിഒ മലയാളി കുടുംബങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ‘DRDO Onam Celebration 2026’ന് തുടക്കമായി. ഒക്ടോബർ 31ന് സി.വി. രാമൻ നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഒരുമയുടെ സന്ദേശമാണ് ഓണം ലോകത്തിന് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരേ മനസ്സോടെ കാലങ്ങളോളം ഓണം ആഘോഷിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം മലയാളികൾക്ക് ഓണാശംസകളും നേർന്നു.

ഡോ. ബെന്നി ജോർജ് ചെയർമാനായും രഞ്ജിത്ത് സെക്രട്ടറിയായും ദിലീപ് കുമാർ ഓർഗനൈസിങ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന ആഘോഷപരിപാടിയിൽ ഡിആർഡിഒയിലെ വിവിധ മലയാളി കുടുംബങ്ങൾ പങ്കെടുത്തു. മഞ്ചാടിക്കൂട്ടം അവതരിപ്പിച്ച ‘ഓണനിലാവ്’ കലാപരിപാടി ഏറെ ശ്രദ്ധേയമായി.

നവംബർ ഒന്നിന് രാവിലെ പൂക്കളമത്സരം, കരോക്കെ സംഗീതപരിപാടി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടക്കും. വൈകുന്നേരം പിന്നണിഗായിക നിത്യ മമ്മനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും.

Related Posts