പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). നിലവിലെ 40 എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിക്കും.
ജയിലിൽ കഴിയുന്ന എംഎൽഎ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിൽനിന്ന് ജനവിധി തേടും. 117 അംഗ നിയമസഭയിൽ 40 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച പാർട്ടിക്ക് ഇനി 77 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി നിശ്ചയിക്കാനുണ്ട്. തെരഞ്ഞെടുപ്പിന് നാല് മാസം മുൻപുതന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് എഎപിയുടെ നീക്കം.
അമൃത്സർ സൗത്തിൽ ഡോ. ഇന്ദർബീർ സിംഗ് നിജ്ജർ, അജ്നാലയിൽ കുൽദീപ് സിംഗ് ധലിവാൾ, കർതാർപുരിൽ ബൽകാർ സിംഗ്, പട്യാലയിൽ അജിത്പാൽ സിംഗ് കോഹ്ലി എന്നിവരും മത്സരിക്കും.
ജനങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. വ്യവസായ നഗരമായ ലുധിയാനയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.