ചേറാനല്ലൂർ അപകടക്കേസിൽ പ്രതിയായ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയിൽ ഹാജരാകാനും കേസ് ഡയറി സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഹർജിയിൽ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ ഗുരുതരമായ പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് പ്രോസിക്യൂഷൻ പുതിയ അപ്പീൽ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടാതിരിക്കാൻ പുതിയ ഹർജിയിൽ പേര് മറച്ചുവെച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിയുടെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ച സംഭവവും കോടതി ഗൗരവത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ അറിയുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറിയുമായി നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.