പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 59 വയസായിരുന്നു. മുംബൈയിലെ വസതിയിലെ ബാത്ത്റൂമിൽ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30 രാത്രിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി നടന്ന അപകടം വീട്ടുകാർ അറിഞ്ഞത് ശനിയാഴ്ച രാവിലെയാണ്. സംഭവത്തിൽ വെർസോവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1994ൽ സഞ്ജയ് ദത്തും ആദിത്യ പഞ്ചോളിയും പ്രധാന വേഷങ്ങളിലെത്തിയ ആതിഷ്: ഫീൽ ദി ഫയർ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ചിത്രത്തിലൂടെ ശ്രദ്ധേയമായ തുടക്കമാണ് അദ്ദേഹം നേടിയത്.

2002ൽ പുറത്തിറങ്ങിയ കാണ്ഡെയിലൂടെ ബോളിവുഡിൽ വലിയ ശ്രദ്ധ നേടി. മുംബൈ അധോലോകത്തിൻ്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറുകളായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളുടെ പ്രധാന സവിശേഷത. സിന്ദ, ദസ് കഹാനിയാൻ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ.

ഹൃത്വിക് റോഷൻ നായകനായ കാബിൽ (2017), മുംബൈ സാഗ (2021) എന്നിവയും അദ്ദേഹം സംവിധാനം ചെയ്തു. 2024ൽ പുറത്തിറങ്ങിയ ദ മിറാൻഡ ബ്രദേഴ്‌സ് ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. സംവിധാനത്തിന് പുറമെ ആസിഡ് ഫാക്ടറി, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, പ്ലാൻ തുടങ്ങിയ സിനിമകളുടെ നിർമാണത്തിലും പങ്കാളിയായി.

സഞ്ജയ് ഗുപ്തയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംവിധായകൻ അശോക് പണ്ഡിറ്റ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ദുഃഖം പങ്കുവെച്ചു. നടൻ കമാൽ ആർ ഖാനും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

Related Posts