സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകത ഓരോ വർഷവും 10 മുതൽ 12 ശതമാനം വരെ വർധിക്കുന്നതായി പദ്ധതി പുറത്തിറക്കവെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. 2047ഓടെ കർണാടകയുടെ വൈദ്യുതി ആവശ്യം 40,000 മുതൽ 50,000 മെഗാവാട്ട് വരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
സൗരോർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനാണ് മുൻഗണന. കർഷകരുടെ ഭൂമി പാട്ടത്തിനെടുത്ത് പാവഗഡയിൽ വലിയ സൗരോർജ നിലയം സ്ഥാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് നഷ്ടപ്പെടാതെ പാട്ടത്തുക ലഭിക്കുകയും സർക്കാരിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവുകയും ചെയ്യുന്ന മാതൃകയാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.
വൈകുന്നേരങ്ങളിലും പുനരുപയോഗ ഊർജം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സൗരോർജം ഉൽപ്പാദിപ്പിക്കുന്ന സമയത്ത് സംഭരിക്കുന്ന വൈദ്യുതി ആവശ്യകത കൂടുന്ന സമയങ്ങളിൽ ഉപയോഗിക്കുകയാണ് ലക്ഷ്യം.
ബെംഗളൂരുവിന് പുറത്തുള്ള നഗരങ്ങളിൽ വ്യവസായം, സാങ്കേതികവിദ്യ, ഗതാഗതം, കൃഷി, ടൂറിസം മേഖലകളിൽ നിക്ഷേപം വർധിപ്പിച്ച് സംസ്ഥാനത്തുടനീളം വികസനവും തൊഴിൽ അവസരങ്ങളും വ്യാപിപ്പിക്കാനാണ് KSRUP 2047 ലക്ഷ്യമിടുന്നത്