പാർസലുകൾ അയയ്ക്കാനും സ്വീകരിക്കാനും ഇനി റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. വീടുകളിൽനിന്ന് നേരിട്ട് പാർസലുകൾ ശേഖരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡോർ ടു ഡോർ സേവനവുമായി ഇന്ത്യൻ റെയിൽവേ. ‘ഘർ സേ ഘർ തക്’ എന്ന പേരിലുള്ള പദ്ധതി ആദ്യഘട്ടത്തിൽ ബെംഗളൂരു ഉൾപ്പെടെ എട്ട് പ്രധാന നഗരങ്ങളിൽ നടപ്പാക്കും.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതിനെ തുടർന്നാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. റെയിൽ പാർസൽ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ബുക്കിങ് നടത്താം.
സ്വകാര്യ ലോജിസ്റ്റിക് പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ വീടുകളിൽനിന്ന് പാർസലുകൾ ശേഖരിച്ച് ലക്ഷ്യസ്ഥാനത്തെ വീടുകളിലെത്തിക്കുന്നത് സ്വകാര്യ കമ്പനികളായിരിക്കും. നഗരങ്ങൾക്കിടയിലെ ചരക്കുനീക്കം റെയിൽവേ ട്രെയിനുകൾ വഴിയാണ് നടത്തുക.
ട്രെയിൻ പുറപ്പെടുന്നതിന് 15 ദിവസം മുമ്പ് മുതൽ ഒരു ദിവസം മുമ്പ് വരെ പാർസൽ ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പ് ലോജിസ്റ്റിക് പങ്കാളികൾ പാർസലുകൾ റെയിൽവേ അധികൃതർക്ക് കൈമാറണം.
ബുക്കിങ്, പണമടയ്ക്കൽ, പാർസൽ ട്രാക്കിങ് തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. ഓരോ ബുക്കിങ്ങിനും പത്തക്ക പ്രോഗ്രസീവ് റഫറൻസ് റെക്കോർഡ് (പിആർആർ) നമ്പർ നൽകും. ഇതുപയോഗിച്ച് പാർസലിന്റെ നീക്കം തത്സമയം നിരീക്ഷിക്കാം. ഡിജിറ്റൽ ജിഎസ്ടി ഇൻവോയ്സും ലഭിക്കും. ഒടിപി സംവിധാനം വഴിയായിരിക്കും പാർസലുകളുടെ കൈമാറ്റം ഉറപ്പാക്കുക.
യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണമടയ്ക്കാം. പാർസൽ വീട്ടിൽനിന്ന് ശേഖരിക്കുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കിയാൽ 10 രൂപ ക്ലറിക്കൽ ചാർജ് കുറച്ചശേഷം റെയിൽവേ ചരക്കുനീക്കത്തിനായി ഈടാക്കിയ തുക തിരികെ ലഭിക്കും. എന്നാൽ, വീടുകളിൽനിന്ന് ശേഖരിക്കുന്നതിനും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുമുള്ള നിരക്കുകളുടെ റീഫണ്ട് സ്വകാര്യ ലോജിസ്റ്റിക് പങ്കാളികളുടെ നയങ്ങൾക്കനുസരിച്ചായിരിക്കും.
വ്യക്തികൾക്കും ചെറുകിട സംരംഭങ്ങൾക്കും ഓൺലൈൻ വ്യാപാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. റെയിൽവേയുടെ ചരക്കുനീക്ക സൗകര്യത്തോടൊപ്പം വീടുകളിലെത്തിയുള്ള സേവനം കൂടി ലഭ്യമാക്കുന്നതിലൂടെ പാർസൽ അയയ്ക്കൽ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യം.