കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (എസ്ഐആർ) എസ്ഐആറിൻ്റെ ഭാഗമായി പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതിയുള്ളവർക്ക് തുടർന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
രേഖാമൂലം ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു.
കേരളം, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തിൽ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനുള്ള സമയപരിധി ഒക്ടോബർ 30ന് അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതേസമയം, കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്ഐആർ നടപടികൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു കോടതിയെ അറിയിച്ചു.
ഉത്തർപ്രദേശിൽ വ്യാപകമായി ഫോം 7 സമർപ്പിക്കപ്പെട്ടെന്ന ആരോപണത്തിൽ പരിശോധന നടത്തിയെന്നും വ്യാജ ഫോമുകളാണെന്ന് കണ്ടെത്തിയതായും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.