ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളത്തെ കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പ്രതിയുടെ കുടുംബത്തോട് മറുപടി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻ്റെയും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തിന്റെയും ഹർജികളും ഇന്ന് പരിഗണനയ്ക്കെത്തും. കേസിൽ കക്ഷി ചേരാൻ ജയബാലകൃഷ്ണൻ്റെ കുടുംബം നൽകിയ അപേക്ഷ കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

പ്രതി അമിതവേഗത്തിൽ കാർ ഓടിക്കുന്നതിൻ്റെ മൂന്ന് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മണിക്കൂറിൽ 104 കിലോമീറ്റർ വരെ വേഗത്തിലാണ് ഇയാൾ വാഹനമോടിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. നിയമലംഘനം നടത്തിക്കൊണ്ടുള്ള ഡ്രൈവിങ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വാഹനമോടിക്കാൻ പഠിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് വാർത്തകൾ പുറത്തുവന്ന ശേഷമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതേത്തുടർന്നാണ് പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചത്.

Related Posts