നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിക്കാതെ മറ്റു വഴികളില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായെന്നും കഴിഞ്ഞ തവണ ഇൻഷുറൻസ് പരിരക്ഷ നൽകിയ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഇത്തവണ ക്വട്ടേഷൻ നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമനിധിയിൽനിന്ന് മൂന്നു മാസത്തെ പെൻഷൻ കൂടി നൽകാനുണ്ടെന്നും ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രവാസികൾക്കിടയിൽ അതൃപ്തി ശക്തമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രവാസികളുടെ ചികിത്സാ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻ സർക്കാരാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.
പുതിയ നിരക്കനുസരിച്ച് 51 മുതൽ 60 വയസ്സുവരെയുള്ള പ്രവാസിക്ക് അഞ്ചു ലക്ഷം രൂപയുടെ കുടുംബ ഇൻഷുറൻസ് പോളിസിക്കായി 35,664 രൂപ പ്രീമിയം അടയ്ക്കണം. നേരത്തേ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു നിരക്ക്. ഇതോടെ പ്രീമിയം തുക രണ്ടര മടങ്ങിലധികമായി വർധിച്ചു. നിരക്കുവർധന പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.