ഭർത്താവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയെയും കാമുകനായ ജിം പരിശീലകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വസുന്ധര സെക്ടർ ഒന്നിൽ താമസിക്കുന്ന ഝാൻസി സ്വദേശി ശശാങ്ക് കാന്താരിയയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് ഭാര്യ പ്രിയ ശർമയും ജിം പരിശീലകനായ പ്രതാപ് സിങ്ങും പിടിയിലായത്. ഒക്ടോബർ 26ന് രാവിലെയാണ് സംഭവം നടന്നത്.

പ്രിയയും പ്രതാപ് സിങ്ങും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് ശശാങ്കിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും അന്വേഷണസംഘം സംശയിക്കുന്നു. വസുന്ധര ജാഗൃതി റെസിഡന്റ്‌സ് സൊസൈറ്റിയിലെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതാപ് സിങ്, ശശാങ്കിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ.

സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Posts