ഒക്ടോബർ 28നകം രാജ്യം വിടണമെന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ താൽക്കാലിക ആശ്വാസം. എഫ്ആർആർഒയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. അതുവരെ ഇമ്രാൻ ഖാനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമിഗ്രേഷൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് അധികൃതർ ലീവ് ഇന്ത്യ നോട്ടീസ് പുറപ്പെടുവിച്ചത്.
അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയാണ്. കേസിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം നവംബർ രണ്ടിലേക്ക് മാറ്റിയത്.