തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിൻ്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ കാറോടിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ അടിയന്തര ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ കടന്നുപോകുമ്പോഴാണ് മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഡ്രൈവിങ് സീറ്റിൽ പിതാവിൻ്റെ മടിയിലിരുത്തി വാഹനം ഓടിക്കാൻ അനുവദിച്ചത്. എൺപത് മുതൽ നൂറ് കിലോമീറ്റർ വരെ വേഗതയിലാണ് വാഹനം പാഞ്ഞുകൊണ്ടിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ച് വാഹനം നിയന്ത്രിക്കുന്ന അപകടകരമായ രംഗം പിന്നാലെ കാറിലെത്തിയ മറ്റ് യാത്രക്കാരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, കുഞ്ഞിനെ മടിയിലിരുത്തിയ ഡ്രൈവർ വാഹനം നിർത്താതെ കൂടുതൽ വേഗതയിൽ ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്.

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച കാറിടിച്ച് ഒരാൾ ദാരുണമായി കൊല്ലപ്പെട്ട് ഇരുപത്തിനാല് മണിക്കൂർ തികയുന്നതിന് മുൻപാണ് വീണ്ടും റോഡ് സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സംഭവം പുറത്തുവന്നത്. ദൃശ്യങ്ങളിലെ കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതിക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Posts