വ്യവസായ ചർച്ചയുടെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി തന്നെ കുടുക്കാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാതെ കർണാടക സർക്കാർ. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ പിന്നീട് ഡി.കെ. ശിവകുമാറും കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. കേരളത്തിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഒരു പ്രമുഖ വ്യവസായി ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തി രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ശിവകുമാറിൻ്റെ ആരോപണം. കന്നഡ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉദ്യോഗസ്ഥർ മുഖേന മുൻകൂട്ടി അനുമതി വാങ്ങിയെത്തിയ വ്യവസായി തുടക്കത്തിൽ ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെന്നും പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും വഴിതിരിച്ചുവിട്ടെന്നും ശിവകുമാർ പറഞ്ഞു. വ്യവസായിയുടെ വസ്ത്രധാരണത്തിലും മെറ്റാ ഗ്ലാസിലും സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ വ്യവസായി മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോഴാണ് ഇത് ധരിച്ചതെന്നും ശിവകുമാർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളും വിവരങ്ങളും കൈവശമുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.