ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേല ജയവർധനെയ്ക്ക് പകരമായാണ് പൊള്ളാർഡിൻ്റെ നിയമനം. ദീർഘകാലം മുംബൈ ടീമിനായി കളിച്ച പരിചയസമ്പത്തുമായാണ് താരം പുതിയ ചുമതലയിലെത്തുന്നത്.

13 സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച പൊള്ളാർഡ് നാലു വർഷം മുമ്പാണ് താരമെന്ന നിലയിൽ ടീമിനോട് വിടപറഞ്ഞത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഐപിഎൽ കിരീടം നേടിയപ്പോൾ ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 2011, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും പൊള്ളാർഡ് മുംബൈയ്ക്കൊപ്പമുണ്ടായിരുന്നു.

ഐപിഎല്ലിൽ 189 മത്സരങ്ങളിൽനിന്ന് 3,412 റൺസ് നേടിയിട്ടുള്ള താരം 69 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം 2023 സീസൺ മുതൽ മുംബൈ ഇന്ത്യൻസിൻ്റെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്നു.

പുതിയ ചുമതലയിൽ സന്തോഷം പ്രകടിപ്പിച്ച പൊള്ളാർഡ്, മുംബൈ ഇന്ത്യൻസ് തൻ്റെ ജീവിതത്തിൻ്റെയും കരിയറിൻ്റെയും പ്രധാന ഭാഗമാണെന്ന് പറഞ്ഞു. ടീമുമായും ആരാധകരുമായുമുള്ള ബന്ധം ഏറെ വിലപ്പെട്ടതാണെന്നും കളിക്കാരനായും പരിശീലകനായും ടീമിനൊപ്പം പ്രവർത്തിച്ചതിലൂടെ മുംബൈയുടെ പാരമ്പര്യവും നീലയും സ്വർണവും നിറങ്ങളുള്ള ജഴ്‌സി ധരിക്കുന്നതിൻ്റെ ഉത്തരവാദിത്വവും നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts