നഗരത്തിലെ വർധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക പദ്ധതിയുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA). ‘ബെംഗളൂരു അർബൻ ഹീറ്റ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തണുപ്പിക്കുന്ന സംവിധാനങ്ങൾ, തണൽ ബസ് സ്റ്റോപ്പുകൾ, കൂളിങ് സെന്ററുകൾ, ഹരിത ഇടങ്ങൾ എന്നിവ വികസിപ്പിക്കും. അമൃത് 2.0 പദ്ധതിയിൽനിന്നുള്ള ₹5 കോടി ഉപയോഗിച്ചാണ് ചൂടിനെ പ്രതിരോധിക്കുന്ന നഗര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്.

ശുചീകരണ തൊഴിലാളികൾ, ആശാ പ്രവർത്തകർ, ട്രാഫിക് പൊലീസ്, മാലിന്യശേഖരണ കേന്ദ്രങ്ങളിലെ ജീവനക്കാർ തുടങ്ങിയ പുറംജോലി തൊഴിലാളികൾക്കാണ് പദ്ധതിയിൽ മുൻഗണന. ദീർഘനേരം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമിക്കാനും കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ബസ് സ്റ്റോപ്പുകളിൽ തണൽ സംവിധാനങ്ങൾ വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

ബെംഗളൂരുവിലെ താപനില ഉയരുന്നതിന് നഗരവൽക്കരണവും പച്ചപ്പ് കുറയുന്നതും പ്രധാന കാരണങ്ങളാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസർ ടി.വി. രാമചന്ദ്രയുടെ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നഗരത്തിലെ നിർമിത പ്രതലങ്ങൾ 1,078 ശതമാനം വർധിച്ചപ്പോൾ സസ്യാവരണം 88 ശതമാനവും ജലാശയങ്ങൾ 79 ശതമാനവും കുറഞ്ഞു.

മരങ്ങളും തടാകങ്ങളും ഇല്ലാതാകുന്നതോടെ നഗരത്തിലെ ചൂട് വർധിക്കുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ. കോൺക്രീറ്റ് റോഡുകളും കെട്ടിടങ്ങളും കൂടുന്നതും ഗ്ലാസ് പൊതിഞ്ഞ ഉയരമുള്ള കെട്ടിടങ്ങളും താപനിലയെ സ്വാധീനിക്കുന്നു. ചൂട് പ്രതിരോധിക്കുന്ന സൗകര്യങ്ങൾ നഗരാസൂത്രണത്തിൻ്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾ, മുതിർന്നവർ, പുറംജോലി തൊഴിലാളികൾ തുടങ്ങിയ ചൂട് മൂലം കൂടുതൽ ബുദ്ധിമുട്ടുന്ന വിഭാഗങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Related Posts