ബിഎംടിസി ജീവനക്കാരുടെ അപകട ഇൻഷുറൻസ് പരിരക്ഷ 50 ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയായി ഉയർത്തി. യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇൻഷുറൻസ് ആനുകൂല്യം വർധിപ്പിച്ചത്. ഒക്ടോബർ 24ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ ആനുകൂല്യം ബാങ്കിൽ ശമ്പള അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ലഭിക്കുക.
അപകടത്തിൽ ജീവനക്കാരൻ മരിച്ചാൽ നോമിനിക്ക് ഒരു കോടി രൂപ ഇൻഷുറൻസ് തുക ലഭിക്കും. അപകടത്തെത്തുടർന്ന് സ്ഥിരമായ ഭാഗികമോ പൂർണമോ ആയ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
സ്വാഭാവിക കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ ജീവനക്കാരൻ മരിച്ചാൽ പ്രതിമാസം 25,000 രൂപയിൽ താഴെ ശമ്പളമുള്ളവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അതിൽ കൂടുതൽ ശമ്പളമുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ലഭിക്കും.
കൂടാതെ, റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട അധിക പരിരക്ഷയും പദ്ധതിയിലുണ്ട്. ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ നാലു ലക്ഷം രൂപയും 15 ലക്ഷം രൂപയും വരെ അധിക ആനുകൂല്യം ലഭിക്കും. ആശുപത്രിയിൽ കിടത്തിച്ചികിത്സ തേടുന്ന ജീവനക്കാർക്ക് പ്രതിവർഷം പരമാവധി 30,000 രൂപയുടെ ചികിത്സാ സഹായവും ലഭിക്കും.