മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ കമ്മിറ്റി അംഗമായി ബിസിസിഐ നിയമിച്ചു. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അപേക്ഷകരുടെ അഭിമുഖം പൂർത്തിയാക്കിയ ശേഷമാണ് പവാറിൻ്റെ പേര് ഐകകണ്ഠ്യേന ശുപാർശ ചെയ്തത്. അശോക് മൽഹോത്ര, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ സമിതിയാണ് അഭിമുഖം നടത്തിയത്.
ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പവാറിന് പരിശീലകനെന്ന നിലയിലും മികച്ച പരിചയസമ്പത്തുണ്ട്. ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകനായും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബൗളിങ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. പവാർ പരിശീലകനായിരിക്കെ ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് കിരീടവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടിയിരുന്നു.
പവാർ സെലക്ഷൻ കമ്മിറ്റിയിലെത്തിയതോടെ മുൻ സ്പിന്നർ പ്രഗ്യാൻ ഓജ പുതിയ ചെയർമാനാകും. ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ പരിചയമുള്ള അംഗത്തിന് മുൻഗണന നൽകുന്ന സീനിയോറിറ്റി മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓജയെ ചെയർമാനാക്കുന്നത്.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനമൊഴിഞ്ഞ അജിത് അഗാർക്കറുടെ സേവനങ്ങൾക്ക് ബിസിസിഐ നന്ദി അറിയിച്ചു. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറുടെ നേതൃത്വത്തിൽ ഇന്ത്യ മൂന്ന് ഐസിസി ട്രോഫികളും രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണമെഡലുകളും നേടിയതായി ബിസിസിഐ ചൂണ്ടിക്കാട്ടി.
പുതിയ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ പ്രഗ്യാൻ ഓജ, രമേഷ് പവാർ എന്നിവർക്കു പുറമെ ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രത്ര എന്നിവരുമുണ്ട്. മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ഉൾപ്പെടെയുള്ളവർ സെലക്ഷൻ കമ്മിറ്റി അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു. അഗാർക്കർ സ്ഥാനമൊഴിഞ്ഞശേഷം ഓജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചത്.