ജയിലിനുള്ളിൽ തടവുകാർ നിർമിച്ച ഉത്പന്നങ്ങൾ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സ്റ്റാളിൽ വിൽപ്പനയ്ക്ക്. വർണവിളക്കുകൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഇടംപിടിച്ചിരിക്കുന്നത്.

മൈസൂരു, ബെളഗാവി, ധാർവാഡ്, ബല്ലാരി, വിജയപുര സെൻട്രൽ ജയിലുകളിലെ തടവുകാർ നിർമിച്ച ഉത്പന്നങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പായകൾ, കാർപ്പറ്റുകൾ, ടവലുകൾ, ബെഡ്ഷീറ്റുകൾ, തൂവാലകൾ, കൈത്തറി വസ്തുക്കൾ എന്നിവയ്ക്കൊപ്പം തടവുകാർ തുന്നിയ ഷർട്ടുകളും വിൽപ്പനയ്ക്കുണ്ട്.

ഗുജറാത്തിലെ സൂറത്തിൽനിന്ന് എത്തിച്ച തുണികൾ ഉപയോഗിച്ച് നിർമിച്ച കോട്ടൺ ഷർട്ടുകൾക്ക് 1,050 രൂപയാണ് വില. വിപണിയിലെ മികച്ച ഉത്പന്നങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിലാണ് ഷർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.

ആകെ 6.5 ലക്ഷം രൂപയോളം വിലമതിക്കുന്ന ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. പൊലീസ് മേൽനോട്ടത്തിൽ രണ്ട് പുരുഷ തടവുകാർ വിൽപ്പനയ്ക്കായി സ്റ്റാളിലുണ്ട്. കഴിഞ്ഞ വർഷം ഈ സ്റ്റാളിലൂടെ 4.58 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു.

Related Posts