കർണാടകയിൽ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി മൈസൂരുവിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. അന്വേഷണം ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിക്യാമറ ഓപ്പറേഷനിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെ തള്ളി. സൈബർ ക്രൈം പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒളിക്യാമറ വിവാദത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ജെ.പി. ഭവനിലെ പാർട്ടി ഓഫീസിൽനിന്ന് ഡിജിപി ഓഫീസിലേക്കായിരുന്നു പദയാത്ര.
പ്രതിഷേധത്തിൻ്റെ അടുത്ത ഘട്ടം പാർട്ടി സംസ്ഥാന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു.