കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ ഒക്ടോബർ 23ന് ചുമതലയേൽക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒക്ടോബർ 22ന് സ്ഥാനമൊഴിയും. തമിഴ്നാട് ഗവർണറായാണ് ആർലേക്കർ പുതിയ ചുമതലയേൽക്കുന്നത്.
23ന് രാവിലെ 11.30ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിൽ സിക്കിം ഗവർണറായ ഓംപ്രകാശ് മാഥൂർ രാജസ്ഥാൻ സ്വദേശിയാണ്.
ബിജെപിയുടെയും ആർഎസ്എസിൻ്റെയും മുതിർന്ന നേതാവായ മാഥൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.