റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്ത നിയമത്തിലെ പ്രധാന നടപടികൾ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് താൽക്കാലികമായി മരവിപ്പിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തീരുമാനം. അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ച ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026 പ്രകാരം റഷ്യൻ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളിൽനിന്നുള്ള അമേരിക്കൻ ഇറക്കുമതികൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ പ്രസിഡണ്ടിന് അധികാരം ലഭിച്ചിരുന്നു. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ വ്യവസ്ഥ പ്രധാനമായും ബാധിക്കാനിടയുണ്ടായിരുന്നത്.
യുക്രെയ്ൻ യുദ്ധത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന റഷ്യയുടെ വരുമാനം കുറയ്ക്കുകയും മോസ്കോയ്ക്കുമേൽ സമ്മർദം ശക്തമാക്കുകയും ചെയ്യുക എന്നതായിരുന്നു നിയമത്തിൻ്റെ ലക്ഷ്യം. റഷ്യൻ ഉദ്യോഗസ്ഥർക്കും ബാങ്കുകൾക്കും ഊർജമേഖലയ്ക്കും ഉപരോധം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
തീരുവ മരവിപ്പിച്ചതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും തൽക്കാലം ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ നടപടി സ്ഥിരമായ പിൻവലിക്കലല്ല. ദേശീയ താൽപ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ തീരുവയും ഉപരോധങ്ങളും പിന്നീട് വീണ്ടും നടപ്പാക്കാനുള്ള അധികാരം അമേരിക്കൻ പ്രസിഡണ്ടിനുണ്ട്.
ഊർജവില വർധനയും അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും അമേരിക്കയുടെ തീരുമാനത്തെ സ്വാധീനിച്ച ഘടകങ്ങളാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റഷ്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനുള്ള നിയമം നടപ്പാക്കുന്നത് മാറ്റിവച്ചതിനെ ചില അമേരിക്കൻ നിയമനിർമാതാക്കൾ വിമർശിച്ചിട്ടുണ്ട്.