സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കണമെന്ന് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരിസ്ഥിതി സൗഹൃദവും ജൈവമായി വിഘടിക്കുന്നതുമായ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനൊപ്പം, ആർത്തവ ശുചിത്വ പരിപാലനത്തിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കണം.

പെൺകുട്ടികളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനും ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങുന്നത് ഒഴിവാക്കുന്നതിനുമാണ് നടപടി. പെൺകുട്ടികളുടെ ശുചിമുറികൾക്കുള്ളിൽ തന്നെ പാഡുകൾ ലഭ്യമാക്കുന്ന രീതിയിൽ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനാണ് നിർദേശം.

മെഷീനുകൾ സ്ഥാപിക്കാൻ സാധിക്കാത്ത സ്കൂളുകളിൽ ചുമതലപ്പെടുത്തിയ അധികൃതർ മുഖേന പാഡുകൾ തടസ്സമില്ലാതെ വിതരണം ചെയ്യണം. ആർത്തവ ശുചിത്വ പരിപാലനത്തിനായി പ്രത്യേക കോർണറുകളും സ്കൂളുകളിൽ സജ്ജീകരിക്കണം. ആവശ്യസമയത്ത് ഉപയോഗിക്കാൻ അധിക യൂണിഫോം, അടിവസ്ത്രങ്ങൾ, മാലിന്യം ശേഖരിക്കാനുള്ള കവറുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കണം.

പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അനുയോജ്യമായ രീതിയിൽ ശുചിമുറികൾ സജ്ജീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. ശുചിമുറികളിൽ വെള്ളം, സോപ്പ്, കൈകഴുകാനുള്ള സൗകര്യം, മൂടിയ മാലിന്യപ്പെട്ടികൾ എന്നിവ ഉറപ്പാക്കണം. ഉപയോഗിച്ച സാനിറ്ററി പാഡുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം.

ആർത്തവ ശുചിത്വം, പ്രായപൂർത്തിയാകുന്ന ഘട്ടത്തിലെ ശാരീരിക മാറ്റങ്ങൾ, പിസിഒഎസ്, പിസിഒഡി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അധ്യാപകർക്കും ബോധവത്കരണം നൽകണം. നിർദേശങ്ങൾ നടപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലെയും ചീഫ് എജ്യുക്കേഷൻ ഓഫീസർമാർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളുകളിൽ ആർത്തവ ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശങ്ങളുടെ തുടർച്ചയായാണ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് സുരക്ഷിതവും മാന്യവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Related Posts