ദസറ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരു–മൈസൂരു റൂട്ടിൽ പ്രത്യേക അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ഒക്ടോബർ 16 മുതൽ 22 വരെയാണ് വിവിധ സമയങ്ങളിലായി സ്പെഷൽ ട്രെയിനുകൾ ഓടിക്കുക.

കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള സ്പെഷൽ ട്രെയിൻ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 9.15ന് പുറപ്പെടും. മൈസൂരുവിൽ നിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള ഒരു സ്പെഷൽ സർവീസ് ഒക്ടോബർ 17 മുതൽ 22 വരെ രാത്രി 12.30ന് പുറപ്പെടും.

മൈസൂരുവിൽ നിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള മറ്റൊരു സ്പെഷൽ ട്രെയിൻ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 11.15ന് സർവീസ് നടത്തും. ഇതിന് അനുബന്ധമായി കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ ഒക്ടോബർ 17 മുതൽ 22 വരെ പുലർച്ചെ 3.15ന് പുറപ്പെടും.

കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് അശോകപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ ഒക്ടോബർ 19 മുതൽ 21 വരെ ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. അശോകപുരത്തുനിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള മടക്ക സർവീസ് ഇതേ ദിവസങ്ങളിൽ വൈകിട്ട് 4.10നാണ്.

ദസറ അവധിക്കാലത്ത് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് അധിക ട്രെയിൻ സർവീസുകൾ ആശ്വാസമാകും.

Related Posts