ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറിയെന്നും സമാധാനം നിലനിർത്താൻ നേരത്തേ ഒപ്പിട്ട ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചെന്നുമാണ് ഇവർക്കെതിരായ പ്രധാന ആരോപണം. നേരത്തേ അറസ്റ്റിലായപ്പോൾ 50,000 രൂപയുടെ ബോണ്ട് നൽകിയിരുന്നു. നിലവിൽ പ്രതിഷേധത്തിന് അനുമതിയുള്ള വേദികളുടെ പട്ടികയിൽ ജന്തർ മന്തർ ഉൾപ്പെടാത്തതിനാൽ ഇവരുടെ പ്രവേശനം നിയമവിരുദ്ധമാണെന്നാണ് പൊലീസിൻ്റെ നിലപാട്.
അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നതുൾപ്പെടെയുള്ള പരാതികൾക്കിടെ പ്രതിഷേധം ശക്തമാക്കാനാണ് സിജെപി പ്രവർത്തകരുടെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമായാണ് സംഭവവികാസങ്ങൾ.