ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ടോടെ രാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം രഘോപൂർ ദിയാര മേഖലയിലായിരുന്നു അപകടം. ഗംഗയുടെ മറുകരയിലുള്ള ഗ്രാമത്തിൽ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ചുള്ള വിരുന്നിൽ പങ്കെടുക്കാൻ പോകുകയായിരുന്നവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് നദിയുടെ മധ്യഭാഗത്തെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ ആളുകളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അപകടത്തിൽപ്പെട്ടവരിൽ ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ മജിസ്ട്രേറ്റ് വർധ സിങ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.