രാജ്യത്ത് എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ അദ്ദേഹം വിശദമായ റിപ്പോർട്ട് തേടി.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ.) നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നത്.

പ്രതിഷേധക്കാരെ ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് പങ്കെടുത്തവർ ആരോപിച്ചത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ രണ്ട് ഫോട്ടോജേണലിസ്റ്റുകളെയും മൂന്ന് റിപ്പോർട്ടർമാരെയും നാല് പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ അടിസ്ഥാനമാണെന്ന് എക്‌സിലെ കുറിപ്പിൽ ശിവകുമാർ വ്യക്തമാക്കി. ഡൽഹിയിൽ തങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ആവശ്യപ്പെടുകയും ബെംഗളൂരുവിൽ മറ്റുള്ളവർക്ക് ആ അവകാശം നിഷേധിക്കുകയും ചെയ്യുന്ന നിലപാട് സർക്കാരിന് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts