മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക, സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുക, ആവശ്യമായ സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ, മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ സർക്കാരിൻ്റെ കൈവശമുണ്ടെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി സഹായവും സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനായി കെയർഗിവർ കോഴ്സുകളും ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് ഒറ്റപ്പെട്ടുപോയെന്ന തോന്നൽ ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് നിയമനിർമാണത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബില്ലിൻ്റെ ഭാഗമായി വയോജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും. അവരുടെ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ആവശ്യമായ സഹായം എത്തിക്കുന്നതിനായി അയൽപക്ക സൗഹൃദ ശൃംഖല രൂപീകരിക്കുകയും ചെയ്യും. വയോജന പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

സ്വന്തം വീടുകളിൽത്തന്നെ തുടരാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കും. വയോജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ പൊതുകെട്ടിടങ്ങൾ നിർമിക്കുന്നതിനും നടപടികളുണ്ടാകും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അവരുടെ പരിചരണം, സുരക്ഷ, അന്തസ്സ്, അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts