മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും മറ്റ് പ്രവർത്തകരെയും കോടതി വിട്ടയച്ചു. ഞായറാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക, സിജെപിയുടെ അഭിഭാഷക വിഭാഗം മേധാവി അഡ്വ. രത്നാ സിങ് എന്നിവരെയാണ് ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽനിന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ കയറിയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന വിവരം ലഭിക്കുന്നില്ലെന്നും സംഘടന ആരോപിച്ചിരുന്നു.
പ്രവർത്തകരെ വിട്ടയക്കണമെന്നും അവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിജെപി ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കാനിരിക്കെയാണ് പ്രവർത്തകരെ തിടുക്കത്തിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചത്. നേരത്തേ കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും പൊലീസ് വിട്ടയച്ചിരുന്നു.