കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാനീയ വിതരണ കമ്പനിയിൽ വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എച്ച്ആർ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. നെൽസൺ എന്നയാൾക്കെതിരെയാണ് നടപടി. 26 വയസ്സുള്ള ജീവനക്കാരിയാണ് പരാതി നൽകിയത്.

എച്ച്എംഎസ് ഹോസ്റ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ ഗസ്റ്റ് സർവീസ് അസോസിയേറ്റായി ജോലി ചെയ്യുന്ന യുവതി, സെപ്റ്റംബർ 24 മുതൽ മാനേജറിൽനിന്ന് ഉപദ്രവം നേരിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മൊബൈൽ ഫോൺ പരിശോധിക്കുക, സംസാരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, നെഞ്ചിലെ ടാറ്റൂ കാണിക്കാൻ നിർബന്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തതായും സെപ്റ്റംബർ 30ന് ഒരു മുറിയിൽവെച്ച് ഇയാൾ നഗ്നതാപ്രദർശനം നടത്തിയതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ വിമാനത്താവള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയന് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, നെൽസൺ മൂന്നാംകക്ഷി കമ്പനിയിലെ ജീവനക്കാരനാണെന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വ്യക്തമാക്കി. കമ്പനിയുടെ എച്ച്ആർ വിഭാഗത്തോടും ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര സമിതിയോടും ബന്ധപ്പെട്ട് തുടർനടപടികൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Posts