രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനമുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുവാക്കളോട് സമരം തുടരാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി വീഡിയോ സന്ദേശം പങ്കുവെച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ പൊലീസുകാരെയും വിളിച്ചുവരുത്തി നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്താലും തങ്ങൾ പിന്നോട്ടുപോകില്ലെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പതിനായിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചാലും പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമർശിച്ച രാഹുൽ, ഇരുവരും ഭീരുക്കളാണെന്നും ആരോപിച്ചു.

നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ ഒരു ദശാബ്ദത്തിലേറെയായി പോരാട്ടം നടത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ പ്രവർത്തനരീതികൾ തനിക്ക് വ്യക്തമായി അറിയാമെന്നും ഭീരുത്വമാണ് അവരുടെ സ്വഭാവമെന്നും അദ്ദേഹം ആരോപിച്ചു.

നരേന്ദ്ര മോദി, അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ വിമർശിച്ച രാഹുൽ, ഇവരുടെ സ്വാധീനമേഖല ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവർക്കു ചുറ്റുമുള്ള ഇടം പ്രതിഷേധത്തിലൂടെ അടച്ചുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെട്ടു.

ഡൽഹിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഭരണഘടനയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായി യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Posts