കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. എവിടെയാണെങ്കിലും ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രകാശ് രാജിൻ്റെ പ്രതികരണം.
രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുള്ള പോരാട്ടവുമായി മുന്നോട്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഭയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിൻ്റെ അഹങ്കാരത്തെ ജനങ്ങൾ ഒത്തൊരുമിച്ച് തൂത്തെറിഞ്ഞതാണ്. അതുകൊണ്ടാണ് ഇപ്പോൾ സർക്കാർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
ഭരണകൂടത്തിൻ്റെ സ്വേച്ഛാധിപത്യമാണ് ഡൽഹി മുഴുവൻ അടച്ചിടുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കൂട്ടായ പോരാട്ടങ്ങളിലൂടെ അധികാരത്തെ ചോദ്യം ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു പ്രകാശ് രാജിൻ്റെ വീഡിയോ സന്ദേശം.