മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാനായി ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അദ്ദേഹം ചെന്നൈയിലെത്തുമെന്നാണ് റിപ്പോർട്ട്.

ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് വിദ്യാർഥികളുമായുള്ള സംവാദ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിക്കുശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ഡൽഹിയിലെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലും ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സംബന്ധിച്ച പോസ്റ്ററുകൾ വെള്ളിയാഴ്ച വൈകിട്ടും കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. തമിഴക വെട്രി കഴകം (ടിവികെ) പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമാകുമോയെന്ന കാര്യത്തിൽ വിജയ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ടിവികെ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമാണെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാണിക്കം ടാഗോർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ഇന്ത്യാ സഖ്യം നടത്തിയ യോഗത്തിൽ ടിവികെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ, സഖ്യത്തിലെ അംഗത്വം സംബന്ധിച്ച് ടിവികെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ടിവികെ പ്രതികരിക്കാത്തതിനെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള വിജയ്‌യുടെ കൂടിക്കാഴ്ചയും തുടർന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങളും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Related Posts