ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പോലീസ് പിടികൂടിയത്. നോയിഡയില്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം മുംബൈ പോലീസിൻ്റെ വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. 14 പാക് ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതായും നഗരത്തില്‍ പലയിടത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആര്‍ഡിഎക്‌സ് ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 1കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്വേഷണം ആരംഭിച്ച പോലീസ്, അശ്വിനിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ആദ്യം താനൊരു ജ്യോത്സ്യനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.