മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയവരിൽ 150 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

രാവിലെ 10ന് ജന്തർ മന്തറിലെത്താനാണ് പ്രതിഷേധക്കാർക്ക് ആഹ്വാനം നൽകിയിരുന്നത്. എന്നാൽ, പ്രതിഷേധത്തിന് അധികൃതർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ജന്തർ മന്തറിൽ നിലവിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.

ജന്തർ മന്തറിന് ചുറ്റുമുള്ള നാലു കിലോമീറ്റർ പരിധിയിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് പൊലീസ് നടപടി.

പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി പൊലീസിൻ്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോർട്ട്. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിന് പുറമേ താൽക്കാലിക മുള്ളുവേലികളും ഒരുക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് പ്രവേശനം തടയുന്നതിനായി വാഹനഗതാഗതം നിയന്ത്രിക്കാനും പൊലീസ് നീക്കം തുടങ്ങി.

പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഫ്ലാഗ് മാർച്ചും നടത്തി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Related Posts