നീലഗിരിയിൽ കൂറ്റൻ പാറക്കല്ല് കാറിന് മുകളിലേക്ക് പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു.
കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടം. ചടങ്ങിൽ പങ്കെടുക്കുന്നതിനായി മേട്ടുപ്പാളയത്തെ ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുകയായിരുന്നു കൃഷ്ണമൂർത്തിയും കുടുംബവും. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മകനാണ് വാഹനം ഓടിച്ചിരുന്നത്. മുൻവശത്തെ ഇടതുവശത്തിരുന്ന കൃഷ്ണമൂർത്തിയുടെ ഭാഗത്തേക്കാണ് പാറ പതിച്ചത്.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനും മറ്റ് യാത്രക്കാരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി നീലഗിരി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.