ദസറ, പൂജാ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 700 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഒക്ടോബർ 16 മുതൽ 26 വരെ കേരളത്തിലേക്ക് 70 മുതൽ 80 വരെ സ്പെഷൽ സർവീസുകൾ നടത്തും. മൈസൂരു കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ എച്ച്.ടി. വീരേഷാണ് ഇക്കാര്യം അറിയിച്ചത്.
അവധി കാലത്ത് മൈസൂരുവിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ദസറ ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ‘ഗിരിദർശിനി’, ‘ജലദർശിനി’, ‘ദേവദർശിനി’ എന്നീ പേരുകളിലുള്ള ടൂർ പാക്കേജ് സർവീസുകൾ ഒക്ടോബർ 15 മുതൽ 26 വരെയാണ് നടത്തുക. ബസുകൾ രാവിലെ 6.30ന് മൈസൂരു സബർബൻ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടും.
സ്പെഷൽ സർവീസുകളിലേക്കും ടൂർ പാക്കേജുകളിലേക്കുമുള്ള ഓൺലൈൻ ബുക്കിങ് കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നടത്താം. ksrtc.karnataka.gov.in