ഉപയോഗശൂന്യവും സുരക്ഷിതമല്ലാത്തതുമായ കുഴൽക്കിണറുകൾ കണ്ടെത്തി നികത്താൻ കർണാടക സർക്കാർ പദ്ധതി തയ്യാറാക്കുന്നു. കൃഷിയിടങ്ങളിലും മറ്റും വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളിൽ കുട്ടികളടക്കം വീഴുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് നടപടി. ചെറുകിട ജലസേചന മന്ത്രി അജയ് ധരംസിങ് ആണ് ഇക്കാര്യം അറിയിച്ചത്.
ജലസേചന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ ആദ്യഘട്ടത്തിൽ നികത്തും. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുഴൽക്കിണറുകളുടെ കണക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.