ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് ഒക്ടോബർ 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വ്യോമസേനയുടെ 29-ാമത് മേധാവിയായാണ് അശുതോഷ് ദീക്ഷിത് ചുമതലയേൽക്കുന്നത്.
നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന ദീക്ഷിത് ചുമതലയേൽക്കുന്നതോടെ എയർ ചീഫ് മാർഷൽ പദവിയിലേക്ക് ഉയരും. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന സൈനിക ജീവിതത്തിൽ 3,500ലധികം മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തുള്ള പൈലറ്റാണ് അദ്ദേഹം. സൈനിക സേവനത്തിലെ മികവിന് നിരവധി പുരസ്കാരങ്ങളും ദീക്ഷിതിനെ തേടിയെത്തിയിട്ടുണ്ട്. 2026ലെ പരമ വിശിഷ്ട സേവാ മെഡൽ, 2023ലെ അതി വിശിഷ്ട സേവാ മെഡൽ, 2011ലെ വിശിഷ്ട സേവാ മെഡൽ, 2006ലെ വായുസേനാ മെഡൽ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.